കെ എസ് ആർ ടി സി ഗ്രാമവണ്ടി – ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു

0
42

തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതുഗതാഗതം ലഭ്യമാക്കുന്നതിനായി പ്രത്യേകമായി ആരംഭിക്കുന്ന ബസ് സർവ്വീസായ ഗ്രാമവണ്ടി പദ്ധതിയുടെ ഗൈഡ് ബുക്ക്, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ബഹുഃസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്നും സ്വീകരിച്ച് പ്രകാശനം ചെയ്തു.

ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ്
നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജനപ്രതിനിധികളുടെ അപേക്ഷകളിൻമേൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കൂടുതൽ ബാധ്യത ഏറ്റെടുത്ത് ഇത്തരം മേഖലകളിലേക്ക് സർവ്വീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സി ക്ക് സാധിക്കാതെ വരുന്നു. പൂർണമായും തദ്ദേശഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്നോ സ്പോൺസർമാരെ ഉപയോഗപ്പെടുത്തിയോ വഹിക്കണമെന്നുള്ള ഒരേയൊരു നിബന്ധനയോടുകൂടി മാത്രമാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് ആവശ്യങ്ങളായിട്ടുള്ള ജീവനക്കാരുടെ ശമ്പളം, ബസുകളുടെ പരിപാലനം, ഇൻഷുറൻസ് തുടങ്ങിയ മറ്റ് ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കുന്നതാണ്.

ഗ്രാമവണ്ടി പദ്ധതി പ്രകാരം സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസ് സ്പോൺസർ ചെയ്യാവുന്നതാണ്. അത്തരം സ്പോൺസർമാരുടെ പരസ്യം സ്പോൺസർക്ക് ഗ്രാമവണ്ടികളിൽ പ്രദർശിപ്പിക്കാവുന്നതാണ്.

ഓർഡിനറി ബസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന യാത്രാനിരക്ക് മാത്രമായിരിക്കും ഗ്രാമവണ്ടിക്ക് ബാധകമാവുക. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ഭിന്നശേഷി പാസുകൾ തുടങ്ങി കെ.എസ്.ആർ.ടി.സി യിൽ നിലവിലുള്ള മറ്റെല്ലാ പാസ്സുകളും കൂടാതെ ലഗ്ഗേജ് നിരക്കുകളും ഗ്രാമവണ്ടിയിൽ ലഭ്യമാക്കും.

തിരുവനന്തപുരം കോർപ്പറേഷൻ 1 കോടി രൂപ ഗ്രാമവണ്ടി സർവ്വീസ് നടത്തിപ്പിനായി കോർപ്പറേഷനിലെ കഴിഞ്ഞ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്തനംതിട്ട മുനിസിപ്പാലിറ്റി ഗ്രാമവണ്ടി സർവ്വീസ് നടത്തുവാൻ മുനിസിപ്പാലിറ്റിയുടെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി, സിവിൽ സപ്ലൈസ് മന്ത്രി ശ്രീ.ജി.ആർ അനിൽ തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ, കെ എസ് ആർ ടി ചെയർമാൻ & ഡയറക്ടർ ശ്രീ.ബിജു പ്രഭാകർ ഐ എ എസ്, ജനറൽ മാനേജർ കെ എസ് ആർ ടി സി സ്വിഫ്റ്റ് ശ്രീ.രാജേന്ദ്രൻ കെ.വി തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് :

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.