സാമൂഹ്യാഘാത പഠനത്തിൽ എന്ത്‌ തെറ്റ്‌?; സിൽവർലൈൻ സർവേ തുടരാമെന്ന്‌ സുപ്രീം കോടതി, ഹർജി തള്ളി

0
86

 

സിൽവർലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന്‌ സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യാഘാത പഠനം സ്റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

ഏത് വികസന പദ്ധതി ആയാലും സർവേ അനിവാര്യമായ പ്രക്രിയയാണ്‌. അതു കൊണ്ട്, സർവേ വേണ്ടെന്നു വെക്കാൻ നിർദേശിക്കാൻ പറ്റില്ല. ഹർജി സർവേക്ക് എതിരായത് കൊണ്ട് തന്നെ അത് വികസനത്തിന് എതിരാണ്. സർവേ നടപടികൾ സ്റ്റേ ചെയ്‌ത കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ സർവേ നടപടി സ്റ്റേ ചെയ്‌തത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസ് എം ആർ ഷാ, ബി വി നാഗ രത്ന എന്നിവർ അംഗങ്ങളായ ബഞ്ച് ചോദിച്ചു.

സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആലുവ സ്വദേശി സുനിൽ ജെ അറകാലനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്താമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിലപാട്. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുക്കൊണ്ടാണ് സർവേ നടപടികൾ മുന്നേറുന്നതെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു. സാമ്പത്തിക ചെലവ് അടക്കം ഘടകങ്ങൾ പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അന്തിമാനുമതി നൽകുകയുള്ളുവെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.