രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന

0
71

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 2020ല്‍ ആകെ 153,052 ആത്മഹത്യകളാണ് സ്ഥിരീകരിച്ചത്.പ്രതിദിനം ശരാശരി 418 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 139,123 ആയിരുന്നു. ഒരു ലക്ഷം ആളുകള്‍ക്ക് കണക്കാക്കുന്ന ആത്മഹത്യാ നിരക്ക് 2019ല്‍ 10.4 ആയിരുന്നത് 2020-ല്‍ 11.3 ആയി ഉയര്‍ന്നു. ലിംഗാനുപാതം അനുസരിച്ച്‌ ആത്മഹത്യ ചെയ്തവരില്‍ 70.9 ശതമാനം പുരുഷന്മാരും 29.1 ശതമാനം സ്ത്രീകളുമാണ്.
സ്ത്രീകളുടെ ആത്മഹത്യയുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2020ല്‍ 44,498 സ്ത്രീകള്‍ ജീവനൊടുക്കിയതായി കേന്ദ്രം വെളിപ്പെടുത്തി. 2019ല്‍ 41,493 സ്തീകളാണ് ആത്മഹത്യ ചെയ്തത്. എന്‍സിപി എംപി മുഹമ്മദ് ഫൈസല്‍ പടിപ്പുരയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കനുസരിച്ച്‌ സ്ത്രീകളുടെ ആത്മഹത്യയ്‌ക്ക് കാരണം കുടുംബപ്രശ്‌നം, അസുഖം എന്നിവയാണ്. 2020ല്‍ ആത്മഹത്യ ചെയ്ത 44,498 സ്ത്രീകളില്‍ 22,374 പേരും വീട്ടമ്മമാരാണ്.
എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ ആണ് ഏറ്റവും കൂടുതല്‍ വനിതകള്‍ ജീവനൊടുക്കിയത്. ഇവിടെ 5275 സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 2559 പേര്‍ വീട്ടമ്മമാരാണ്. നാഗാലാന്‍ഡ് (12), മണിപ്പൂര്‍ (17), മിസോറാം (20), അരുണാചല്‍ (48), മേഘാലയ (61) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറവ് വനിതകള്‍ ആത്മഹത്യ ചെയ്തത്. വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് സ്ത്രീ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബീഹാര്‍ (358), പഞ്ചാബ് (623), ജാര്‍ഖണ്ഡ് (759), അസം (906), ഹരിയാന (917) എന്നിവിടങ്ങളിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ സ്ത്രീ ആത്മഹത്യകള്‍ ഇപ്രകാരമാണ്. ആന്‍ഡമാന്‍-നിക്കോബാര്‍ (50), ദാദ്ര-നഗര്‍ ഹവേലി & ദാമന്‍-ദിയു (43), ചണ്ഡീഗഡ് (48), ഡല്‍ഹി (895), ജമ്മു-കശ്മീര്‍ (130), ലഡാക്ക് (2), ലക്ഷദ്വീപ് (1), പുതുച്ചേരി (109).
2019ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ മഹാരാഷ്‌ട്രയില്‍ ആയിരുന്നു. ഇവിടെ ആ വര്‍ഷം 4448 വനിതകള്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 2020ല്‍ ഏതാണ്ട് സമാനമായ കേസുകള്‍ ഉണ്ടായി(4472). 2019ല്‍ തമിഴ്‌നാട്ടില്‍ 4250 സ്ത്രീകളാണ് ജീവനൊടുക്കിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ 2020ല്‍ ആയിരതിലധികം എണ്ണത്തിന്റെ വന്‍വര്‍ധനവുണ്ടായി.
മഹാരാഷ്‌ട്ര(19,909), തമിഴ്നാ്ട്(16,883), മധ്യപ്രദേശ്(14,578), പശ്ചിമ ബംഗാള്‍(13,103), കര്‍ണാടക(12,259) എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനങ്ങള്‍. എന്‍സിആര്‍ബി റിപ്പോര്‍ട്ട് അനുസരിച്ച്‌, രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യകളില്‍ 50.1 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. കുടുംബ പ്രശ്‌നങ്ങള്‍ (33.6ശതമാനം), വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ (5ശതമാനം), അസുഖം (18ശതമാനം) എന്നിങ്ങനെയാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ 56.7 ശതമാനവും ഇതരം കാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.