ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

0
39

ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ഉത്തരാഖണ്ഡ് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ 12ആമത് മുഖ്യമന്ത്രിയായി ബുധനാഴ്‌ച ഉച്ചക്ക് 2.30നാണ് ധാമി ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

സ്വന്തം മണ്ഡലത്തിൽ തോറ്റെങ്കിലും എംഎൽഎമാർക്കിടയിൽ ധാമിക്കുള്ള പൊതുസ്വീകാര്യത പരിഗണിച്ചാണ് രണ്ടാമതും മുഖ്യമന്ത്രി സ്‌ഥാനം നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്.

അധികാരമേറ്റാൽ ഉടൻ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ധാമി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ ഉടൻ തന്നെ വ്യക്‌തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാനുള്ള ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ധാമിയുടെ പ്രഖ്യാപനത്തിൽ വ്യക്‌തമാക്കിയിരുന്നു.