ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മിനിമം ചാർജ് ഉയർത്തുന്നതിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്നും സ്വകാര്യ ബസുടമകൾ വ്യക്‌തമാക്കുന്നുണ്ട്.
വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതി ആക്കണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നില്ല.
ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നത്. കൂടാതെ സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.