“ജനങ്ങളുമായി യുദ്ധം ചെയ്‌തല്ല പദ്ധതി നടപ്പാക്കുക”; ബിജെപി കോൺഗ്രസ് സംയുക്‌ത സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാം : കോടിയേരി ബാലകൃഷ്‌ണൻ

0
31

കെ റെയിൽ പദ്ധതിക്കെതിരെ ഏത്‌ പടയുമായി കോൺഗ്രസ്‌ വന്നാലും അത്തരം രാഷ്‌ട്രീയ സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാമെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ബിജെപിയുമായി ചേർന്ന്‌ സംയുക്‌ത സമരമല്ലേ കോൺഗ്രസ്‌ നടത്തുന്നത്‌. കോൺഗ്രസ്‌ നേതാവ്‌ ഇളക്കിയെടുക്കുന്ന കുറ്റി ബിജെപി നേതാവ്‌ എടുത്ത്‌ മാറ്റുന്നു. ഇതല്ലേ നടക്കുന്നത്‌. ഇടതുപക്ഷം ഭരിക്കുമ്പോൾ ഒരു വികസനവും ഇവിടെ വേണ്ടെന്നാണോ നിലപാട്‌. കേരളം ഇങ്ങനെ കിടന്നാൽ മതിയോ. അത്‌ അംഗീകരിക്കാൻ പറ്റില്ല. ജനങ്ങളുമായി സഹകരിച്ച് ഈ പദ്ധതി പൂർത്തിയാക്കുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയെ അന്ന്‌ ഇടതുപക്ഷം എതിർത്തിട്ടില്ല. അത്‌ വരട്ടെ എന്നാണ്‌ നിലപാടെടുത്തത്‌. . അതിവേഗ പാതക്കായി ഡിഎംആർസി വഴി ജപ്പാൻ സർക്കാരിന്റെ സഹായത്തോടെ പണം കണ്ടെത്തും എന്നാണ്‌ അന്ന്‌ ഉമ്മൻചാണ്ടി പറഞ്ഞിരുന്നത്‌. സിൽവർ ലൈനിനേക്കാൾ വലിയപദ്ധതിയായിട്ടും അതിനെ അനുകൂലിച്ചിരുന്നു. സർവെ നടത്തി കല്ലിടുകയും ചെയ്‌തു. ആ കല്ലൊന്നും ഞങ്ങൾ പറിച്ചെടുത്തിട്ടില്ല. ഇപ്പോൾ സമരത്തിനുവേണ്ടി സമരം ചെയ്യുന്നവർ അതെല്ലാം ഓർക്കണം.

ഹൈക്കോടതി തീരുമാനപ്രകാരമാണ്‌ കെ റെയിലിന്‌ വേണ്ടി സാമൂഹിക ആഘാത പഠനം നടത്തുന്നത്‌. പദ്ധതിക്കായി ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം അനുവദിച്ചതുമാണ്‌. അന്തിമ അനുമതിയേ ഇനി വേണ്ടു. ആവശ്യമായ സ്‌ഥലം ഏറ്റെടുക്കലും മറ്റും നടത്തിയാൽ മാത്രമേ അന്തിമാനുമതി ലഭിക്കു. അതുകൊണ്ടുതന്നെ പദ്ധതിയിൽനിന്നും പിന്തിരിയാൻ റെയിൽ കോർപറേഷൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യയിൽ ബിജെപിയും കോൺഗ്രസും ഭരിക്കുന്ന എട്ട്‌ സംസ്‌ഥാനങ്ങളിൽ ഇത്തരം പദ്ധതി നടക്കുന്നുണ്ട്‌ . അവിടെയൊന്നും ആരും സമരം ചെയ്യുന്നില്ല. കേരളത്തിൽമാത്രം പദ്ധതിയെ തടസപ്പെടുത്താനാണ്‌ ശ്രമം.

പദ്ധതിക്ക്‌ കല്ലിട്ടു എന്ന്‌ വെച്ച്‌ പിറ്റേന്ന്‌ ആരും ഭൂമി ഏറ്റെടുക്കാൻ പോകുന്നില്ല. തൃപ്‌തികരമായ നഷ്‌ടപരിഹാര തുക നൽകിമാത്രമെ ഏറ്റെടുക്കൂ. ജനങ്ങളുമായി യുദ്ധം ചെയ്‌തല്ല പദ്ധതി നടപ്പാക്കുക. പകരം ജനങ്ങളുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗെയിലിനെതിരെയും ദേശീയപാത വികസനത്തിനെതിരെയും സമരം ഉണ്ടായില്ലെ. നല്ല നിലയിൽ നഷ്‌ടപരിഹാരം നൽകി പദ്ധതി നടപ്പാക്കിയില്ലെയെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്കെതിരെ സംസാരിക്കാൻ കോൺഗ്രസ്‌ ഇഷ്‌ടപെടുന്നില്ല. അതുകൊണ്ടാണ്‌ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസ്‌ പങ്കെടുക്കാത്തത്‌. കേന്ദ്ര സംസ്‌ഥാന ബന്ധം, ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം എന്നീ വിഷയങ്ങളിലാണ്‌ സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സെമിനാർ നടത്തുന്നത്‌. അതിൽ പങ്കെടുക്കുമ്പോൾ കേന്ദ്രത്തേയും ബിജെപിയേയും എതിർക്കേണ്ടിവരും. അതിന്‌ കോൺഗ്രസ്‌ തയ്യാറല്ല. . ബിജെപിക്ക്‌ എതിരെ പറയാൻ അവർ ഇഷ്‌ടപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.