കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്
ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി.
2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.