മകനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം; ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങും

0
57

ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് മക്കാറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. പ്രതിക്കെതിരെ ശക്‌തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. തീവെക്കാനായി ഉപയോഗിച്ച പെട്രോൾ താൻ മോഷ്‌ടിച്ചതാണെന്ന് ഹമീദ് മൊഴി നൽകിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ തെളിവെടുപ്പ് നടത്താനാണ് ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങുക. മുട്ടം കോടതിയിലാണ് അപേക്ഷ നൽകുകയെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്‌ച പുലർച്ചെയാണ് മകൻ മുഹമ്മദ്‌ ഫൈസലിനെയും ഭാര്യ ഷീബയയെയും മക്കളായ മെഹർ, അസ്‌ന എന്നിവരെയും ഉറങ്ങുന്നതിനിടെ 79കാരനായ പ്രതി പെട്രോളൊഴിച്ച് തീയിട്ട് കൊന്നത്. സ്വത്ത്‌ തർക്കത്തിന്റെ പേരിലായിരുന്നു ക്രൂര കൊലപാതകം. മകനും കുടുംബവും രക്ഷപ്പെടാതിരിക്കുന്നതിന് വേണ്ടി വീട്ടിലെയും അയൽവീട്ടിലെയും ടാങ്കിലെ വെള്ളവും പ്രതി ഒഴുക്കി കളഞ്ഞിരുന്നു.

ഇപ്പോൾ പീരുമേട് സബ് ജയിലിലാണ് ഹമീദ്. മരിച്ച കുടുംബത്തിന് മുൻപും പ്രതിയുടെ ഭാഗത്ത് നിന്ന് വധധീഷണി ഉണ്ടായിരുന്നു. തന്നെ പിതാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മരിച്ച മുഹമ്മദ് ഫൈസൽ തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ രണ്ടാഴ്‌ച മുൻപ് പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി. മൂത്ത മകൻ ഷാജിയും ഇതേ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പൊലീസ് അന്വേഷണത്തിലൂടെ നീക്കമിടുന്നത്.

കൊടും കുറ്റവാളികൾ നടത്തുന്ന മുന്നൊരുക്കൾ പോലെ മകനെയും കുടുംബത്തെയും കൊല്ലാൻ ഹമീദ് തയാറാക്കിയ പദ്ധതികൾ അന്വേഷണ സംഘത്തെയും ഞെട്ടിച്ചു. പെട്രോൾ പമ്പുകൾ കുറവായതിനാൽ വൻ തോതിൽ പെട്രോൾ ശേഖരിച്ച് പ്രദേശത്തെ ആളുകൾക്ക് വില കൂട്ടി വിൽപന നടത്തുമായിരുന്നു ഹമീദ്. പെട്രോളിന്റെ ജ്വലനശേഷിയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായിരുന്ന പ്രതി അര ലീറ്ററിന്റെ കുപ്പികളിൽ പകുതി ഭാഗം മാത്രം പെട്രോൾ നിറച്ച് മുകളിൽ തുണി തിരുകി കത്തിച്ച ശേഷമായിരുന്നു കുപ്പികൾ ഫൈസലിന്റെ മുറിയിലിട്ടത്.

തുടർന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബന്ധു വീട്ടിലേക്കാണ് പ്രതി പോയത്. ഫയർ ഫോഴ്‌സും നാട്ടുകാരും പോലീസും എത്തി തീയണച്ചു. തുടർന്ന് പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. വഴിയിൽ നിർത്തിയ നിലയിൽ ഓട്ടോറിഷ കണ്ട് അന്വേഷിച്ചപ്പോൾ ഹമീദ് ഓട്ടം വിളിച്ചിട്ട് വന്നതാണെന്ന് ഡ്രൈവറുടെ മറുപടി. ശേഷം തൊട്ടടുത്ത പറമ്പിൽ ഒളിച്ചുനിന്ന ഹമീദിനെ പോലീസ് പിടികൂടി. ധരിച്ചിരുന്ന ഷർട്ട് ഊരി കയ്യിൽ ചുരുട്ടിവച്ച നിലയിലായിരുന്നു.

കസ്‌റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും ഉച്ചക്കും ഭക്ഷണം വയറു നിറച്ചു കഴിച്ചു. ‌നല്ല ഭക്ഷണം കൊടുക്കുന്നില്ലെന്ന് പരാതിയുമായാണ് വീട്ടിൽ എന്നും വഴക്കുണ്ടായിരുന്നത്. മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു ഡിമാൻഡ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഒരു കൂസലുമില്ലാതെ നടന്ന കാര്യങ്ങൾ ഹമീദ് പോലീസിന് മുന്നിൽ വിവരിച്ചിരുന്നു.