ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു; ഇന്ന്‌ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധം: ഡിവൈഎഫ്ഐ

0
25

പെട്രോളിയം ഉത്പന്നങ്ങൾക്ക് വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇന്ന് മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുമ്പോൾ അമിത നികുതി അടിച്ചേൽപ്പിച്ചാണ്‌ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വിലവർധിപ്പിച്ചിരിക്കുന്നത്. ഈ വിലവർധന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കും. ഇന്ധന വില വർദ്ധനവ് ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്. പാചക വാതക വില ഒരു ദിവസം കൊണ്ട് 50 രൂപയാണ് വർദ്ധിച്ചത്.

സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമാക്കുകയാണ് മോഡി സർക്കാർ. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയല്ല, കോർപ്പറേറ്റുകൾക്കും എണ്ണ കമ്പനികൾക്കും വേണ്ടിയാണ് ഭരിക്കുന്നത്. അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. പ്രസ്താവനയിൽ പറഞ്ഞു.