നമ്പർ 18 പോക്‌സോ കേസിലെ പ്രതി അഞ്‌ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫിസിൽ രാവിലെയോടെയാണ് ഇവർ ഹാജരായത്. കേസിൽ മൂന്നാംപ്രതിയാണ് അഞ്‌ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് റോയി വയലാട്ട് അടക്കമുള്ളവർക്ക് എതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
അതേസമയം ഒരു എംഎൽഎയുടെ ഭാര്യ ഉൾപ്പടെയുള്ള ആറു പേരടങ്ങിയ സംഘമാണ് ഇപ്പോൾ പരാതിക്കാരിയെ ഉപയോഗിച്ചുകൊണ്ട് തന്നെ വേട്ടയാടുന്നതെന്നാണ് അഞ്‌ജലിയുടെ ആരോപണം. എംഎൽഎയുടെ ഓഫിസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ ചോദ്യം ചെയ്‌തതാണ് ഇത്തരത്തിൽ തന്നെ കുടുക്കാൻ കാരണമായതെന്നും അഞ്‌ജലി പറയുന്നു.
എന്നാൽ ആരാണ് എംഎൽഎ എന്ന കാര്യം അഞ്‌ജലി വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം മുമ്പാണ് റോയി വയലാട്ടും സൈജു തങ്കച്ചനും പോലീസിന് മുന്നിൽ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്‌ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്.