ആഡംബരങ്ങൾ ഒഴിവാക്കി സമൂഹ വിവാഹം; 19 യുവതീ യുവാക്കൾ പുതിയ ജീവിതത്തിലേക്ക്

0
57

ആഡംബരങ്ങളെല്ലാം ഒഴിവാക്കി കാസർഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 യുവതീ യുവാക്കൾ വിവാഹിതരായി. വർഷത്തിൽ രണ്ട് തവണ മാത്രം നടക്കുന്ന പെരുതണ സമൂഹ വിവാഹ ചടങ്ങിൽ പങ്കാളികളാകാൻ നിരവധി പേരാണ് എത്തിയത്.

വിവാഹ ആഡംബരം വിമർശന വിധേയമാകുന്ന ഈ കാലത്ത് ഒരേ വേദിയിൽ പല ജീവിതങ്ങൾ ഒത്തുചേരുകയാണ് ഇവിടെ. ദക്ഷിണേന്ത്യയിൽ ആദ്യമായി സമൂഹ വിവാഹം ആരംഭിച്ചത് ഈ ക്ഷേത്ര അങ്കണത്തിലാണ്. ആയിരം രൂപ മാത്രമാണ് ക്ഷേത്രത്തിലെ ചിലവ്. വിവാഹ ചടങ്ങുകൾക്കെത്തുന്നവർക്ക് ഭക്ഷണവും നൽകിയാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

മീന മാസത്തിലെ സമൂഹ വിവാഹത്തിൽ പത്തൊമ്പത് യുവതീ യുവാക്കൾ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രഗിരിക്ക് വടക്കുള്ള വാണിയ സമുദായ അംഗങ്ങൾ ഈ ക്ഷേത്രത്തിൽവച്ച് മാത്രമെ വിവാഹിതരാകാവുവെന്നാണ് ആചാരം. വിവാഹ ആർഭാടങ്ങൾ ഒഴിവാക്കുക മാത്രമല്ല, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ പൂർണമായി അകറ്റി നിർത്തുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.