ഉത്തർ പ്രദേശിൽ മിഠായി കഴിച്ച് മൂന്ന് സഹോദരങ്ങൾ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു. കുശിനഗർ ജില്ലയിലെ ദിലീപ്‌നഗർ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളിൽ മഞ്‌ജന (5), സ്വീറ്റി (3), സമർ (2) എന്നിവർ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ച് വയസുകാരൻ അരുണും മരിച്ചവരിൽ ഉൾപ്പെടുന്നു.
മഞ്‌ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ വീട് അടിച്ചുവാരുന്നതിനിടെ ഒരു പ്ളാസ്‌റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ച് മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ ഈ മിഠായികൾ തന്റെ കൊച്ചുമക്കൾക്കും സമീപത്തെ കുഞ്ഞിനും നൽകുകയായിരുന്നെന്ന് ഗ്രാമവാസികൾ പറഞ്ഞതായി കുശിനഗർ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് വരുൺ കുമാർ പാണ്ഡേ പറഞ്ഞു. മിഠായി കഴിച്ചതിനു പിന്നാലെ കുട്ടികൾ ബോധരഹിതരായി.
Uttar Pradesh | We got info that 4 children died after the consumption of toffees which were placed outside their house by someone. Prima facie it’s appearing that the toffees were poisonous. Food safety & Forensic team are investigating the matter: Sachindra Patel, SP Kushinagar pic.twitter.com/FI8vz8vWDB
— ANI UP/Uttarakhand (@ANINewsUP) March 23, 2022
ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. കുട്ടികൾ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറൻസിക് പരിശോധനക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാണ്ഡേ കൂട്ടിച്ചേർത്തു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം അറിയിച്ചു. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ ഉദ്യോഗസ്‌ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.