ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്‌മാൻ, ഇയാളുടെ സുഹൃത്ത് ഒഡിഷ കന്ധമാൻ സ്വദേശിനി തന്നു നായക് എന്നിവരാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടറും നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരിൽ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ ധൻബാദ് ആലപ്പുഴ എക്‌സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധന ഭയന്ന് ഇരുവരും അതിവേഗം പ്ളാറ്റ് ഫോമിൽ ഇറങ്ങി സ്‌റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കസ്‌റ്റഡിയിൽ എടുത്തതെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒഡിഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് വലിയ ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ആലുവ ഭാഗങ്ങളിലെ മറുനാടൻ തൊഴിലാളികൾക്കും ചില്ലറ വിൽപ്പനക്കാർക്കും വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. അതേസമയം, പാലക്കാട് നിന്ന് 40 ലക്ഷം രൂപയുടെ കറുപ്പുമായി പാലക്കാട് തിരുനെല്ലായി സ്വദേശിയായ അഫ്‌സലിനെ പിടികൂടി. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും കസബ പോലീസും ചേർന്നാണ് ചന്ദ്രനഗർ മേൽപ്പാലത്തിന് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്.