തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്‌തിപ്രാപിച്ചു. കാർ നിക്കോബാർ ദ്വീപിൽ നിന്നു 80 കിമീ വടക്ക് – വടക്ക് പടിഞ്ഞാറയും പോർട്ട്‌ബ്ളയറിൽ നിന്ന് 210 കിമീ തെക്ക്- തെക്ക് പടിഞ്ഞാറയും സ്‌ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂന മർദ്ദമായി മാറും.
തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്‌തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച ‘അസാനി’ എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.