Thursday
25 December 2025
21.8 C
Kerala
HomeKeralaഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാമെന്ന്‌ സർവ്വകക്ഷി യോഗം; തീരുമാനം ഹൈക്കോടതിയെ അറിയിക്കും

ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാമെന്ന്‌ സർവ്വകക്ഷി യോഗം; തീരുമാനം ഹൈക്കോടതിയെ അറിയിക്കും

രാഷ്‌ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി സർവ്വകക്ഷി യോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ്ഗതടസ്സമുണ്ടാക്കാതെ താൽക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങൾ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോൾ നീക്കം ചെയ്യുമെന്നും മുൻകൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്‌ക്കും തടസ്സമുണ്ടാകുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എ വിജയരാഘവൻ (സിപിഐ എം), മരിയപുരം ശ്രീകുമാർ (കോൺഗ്രസ്), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), ഇ ചന്ദ്രശേഖരൻ (സിപിഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ എസ്), കെ ആർ രാജൻ (എൻ. സി. പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആർഎസ്‌പി- ലെനിനിസ്റ്റ്), സി കൃഷ്‌ണ‌കുമാർ (ബിജെപി), വി സുരേന്ദ്രൻ പിള്ള (ലോകതാന്ത്രിക് ജനതാദൾ), പി സി ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ യോഗത്തിൽ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments