Wednesday
24 December 2025
20.8 C
Kerala
HomeKeralaകച്ചവടം കുറഞ്ഞ വിരോധം; ജനകീയ ഹോട്ടലിലെ കിണറ്റിൽ സോപ്പ് പൊടി കലക്കി; പ്രതി പിടിയിൽ

കച്ചവടം കുറഞ്ഞ വിരോധം; ജനകീയ ഹോട്ടലിലെ കിണറ്റിൽ സോപ്പ് പൊടി കലക്കി; പ്രതി പിടിയിൽ

ജനകീയ ഹോട്ടലിലേക്ക് വെള്ളം എടുക്കുന്ന കിണറിൽ സോപ്പ് പൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണാബ്രവാൻ മമ്മൂട്ടിയാണ് പിടിയിലായത്. ഇയാളെ വെണ്ണിയോട് എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ബുധനാഴ്‌ച ആയിരുന്നു സംഭവം.

രാവിലെ ജനകീയ ഹോട്ടലിലേക്ക് കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്‌തപ്പോൾ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്‌തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ കോട്ടത്തറ ഗ്രാമപഞ്ചായത്തിലും കമ്പളക്കാട് പോലീസിലും പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സോപ്പ് പൊടിയാണ് കിണറ്റിൽ കലർത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കമ്പളക്കാട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്. ജനകീയ ഹോട്ടൽ വന്നതോടെ തന്റെ ഹോട്ടലിലെ കച്ചവടം കുറഞ്ഞത് മൂലമുണ്ടായ വിരോധത്താലാണ് കിണറ്റിൽ സോപ്പ് പൊടി കലർത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കീടനാശിനിയോ മറ്റോ കലർത്തിയതായി കണ്ടെത്തിയാൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments