Wednesday
24 December 2025
19.8 C
Kerala
HomeIndiaഅഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ

അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ

സംസ്‌ഥാനത്ത്‌ അഗർത്തലക്ക് സമീപം ഗണ്ഡച്ചേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ 5 വയസ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച 45കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് നാട്ടുകാരായ സ്‌ത്രീകൾ.

സംഭവം നടന്ന ധലായ് ജില്ലയിലെ ഗണ്ഡച്ചേരയിൽ ഒത്തുചേർന്ന നാട്ടുകാരിലെ ഒരു കൂട്ടം സ്‌ത്രീകളാണ് നിയമം കയ്യിലെടുത്ത് പ്രതിയെ തല്ലിക്കൊന്നത്. അച്ചാർജി എന്ന കൊല്ലപ്പെട്ട പ്രതി കൊലപാതക കേസിൽ എട്ട് വർഷം കഠിന തടവ് അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ്. ഇയാൾ പ്രദേശത്തെ സ്‌ഥിരം കുറ്റവാളികളിൽ ഒരാളാണെന്ന് പോലീസ് പറയുന്നു.

മതപരമായ ഒരു ചടങ്ങിനായി ഗണ്ഡച്ചേരയിലെ ദേബ്‌നാഥ്‌പാറയിൽ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയുടെ അശ്രദ്ധയെ മുതലെടുത്ത് പെൺകുട്ടിയെ കബളിപ്പിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി അച്ചാർജി ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും സ്‌ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

ആശുപത്രിയിലെത്തിച്ച കുട്ടിക്ക് കാര്യമായ ശാരീരിക പരിക്കുകൾ ഇല്ല. എന്നാൽ, ഗുരുതര മനസികാഘാതം സംഭവിച്ചിട്ടുള്ള കുട്ടി ആശുപത്രിയിൽ തുടരുകയാണ്. സുഖം പ്രാപിച്ചുവരുന്ന കുട്ടിയെ ഇന്ന് വീട്ടിലേക്ക് മറ്റുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കടന്നുകളഞ്ഞ അച്ചാർജിയെ പിന്നീടാണ് പിടികൂടിയത്. രാത്രി മുഴുവൻ ഇയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം സ്‌ത്രീകൾ ഗണ്ഡച്ചേര-അമർപൂർ ഹൈവേ ഉപരോധിക്കുകയും പ്രദേശം മുഴുവൻ അരിച്ചുപെറുക്കുകയും ചെയ്‌തിരുന്നു. ബുധനാഴ്‌ച രാവിലെയോടെയാണ് പ്രതിയെ സമീപ ഗ്രാമത്തിൽ നാട്ടുകാർ കണ്ടത്. തുടർന്ന് സ്‌ത്രീകളും മറ്റ് നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

മർദ്ദനം നടക്കുന്ന സ്‌ഥലത്ത്‌ പോലീസ് എത്തുകയും പ്രതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ, മർദ്ദന സ്‌ഥലത്ത്‌ തന്നെ കൊല്ലപ്പെട്ടതായി ഡോക്‌ടർമാർ സ്‌ഥിരീകരിച്ചു. കേസിൽ ഇതുവരെ നാല് പേരെ പോലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്‌. ആരെയും കസ്‌റ്റഡിയിൽ എടുത്തിട്ടില്ല. ബോധം മറയുന്നത് വരെ സ്‌ത്രീകൾ ദയാരഹിതമായി പ്രതിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments