വിസ്‌മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 41 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്‌തരിച്ചത്. ഇതിനിടെ 5 സാക്ഷികൾ കൂറുമാറുകയും ചെയ്‌തു. കൂടാതെ 118 രേഖകളും, 12 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതിയുടെ ജാമ്യം നീതിയുക്‌തമായ വിചാരണയ്‌ക്ക് വഴിയൊരുക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
കഴിഞ്ഞ വർഷം ജൂണിലാണ് ഭർതൃ ഗൃഹത്തിൽ വച്ച് വിസ്‌മയ ആത്‍മഹത്യ ചെയ്‌തത്. സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടർന്നാണ് വിസ്‌മയ ആത്‍മഹത്യ ചെയ്‌തതെന്ന കണ്ടെത്തലിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടു. കൂടാതെ കിരണിനെതിരെ ഗാർഹിക പീഡനത്തിനും, സ്‌ത്രീധന പീഡനത്തിനും കേസെടുക്കുകയും ചെയ്‌തു.
