മൂന്നാർ ∙ വിനോദസഞ്ചാരികളെ വെട്ടിപ്പരുക്കേൽപിക്കുകയും കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ 4 പ്രതികൾ അറസ്റ്റിൽ. അടിമാലി ഇരുന്നൂറേക്കർ സ്വദേശി പാലിയത്ത് മിഥുൻ സേവ്യർ (32), സഹോദരൻ മിലൻ (22), കൊന്നത്തടി സ്വദേശി നെടുംകണ്ടത്ത് ഡിനിൽ സണ്ണി (22), മലപ്പുറം പെരിന്തൽമണ്ണ നെന്മേനിക്കര പുളിക്കാത്തൊട്ടി വീട്ടിൽ മുഹമ്മദ് ഷാൻ (26) എന്നിവരെയാണ് എസ്ഐ ടി.എം.സാഗറും സംഘവും അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അർഷിദ്, സിയാദ് എന്നിവർ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനി രാത്രി ടോപ് സ്റ്റേഷനു സമീപം എല്ലപ്പെട്ടിയിൽ വച്ചായിരുന്നു ആക്രമണം. മലപ്പുറത്ത് നിന്നെത്തിയ 38 അംഗ സന്ദർശക സംഘം മിഥുന്റെ കടയിൽ നിന്നു ചായ കുടിച്ചു. ചായയ്ക്കു ചൂടില്ലെന്ന കാരണം പറഞ്ഞ് സംഘത്തിലെ ചിലരും ചായക്കട ജീവനക്കാരുമായി തർക്കം ഉണ്ടായി. തുടർന്നു ബസിൽ മടങ്ങിയ സംഘത്തെ മൂന്നു ബൈക്കുകളിലായി പ്രതികൾ പിന്തുടർന്നു. എല്ലപ്പെട്ടിയിൽ വച്ച് പിന്നിൽ നിന്നു കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകർത്തു. തുടർന്ന് ബസ് തടഞ്ഞു നിർത്തി ഡ്രൈവർ സിയാദിന്റെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തി.
സന്ദർശകരിൽ ഒരാൾ കടയുടെ മുന്നിൽ തുപ്പിയെന്നും അയാളെ ഇറക്കിവിടണമെന്നും ആയിരുന്നു ആവശ്യം. തനിക്ക് അറിയില്ലെന്ന് സിയാദ് പറഞ്ഞതോടെ അക്രമികൾ ബസിലേക്ക് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി അർഷിദിനെ ക്രൂരമായി ആക്രമിക്കുകയും കൈകാലുകൾ തല്ലിയൊടിക്കുകയും വെട്ടുകയും ചെയ്തു. അതിനു ശേഷം ഡ്രൈവർ സിയാദിനെ കഴുത്തിൽ കത്തി വച്ച് ബൈക്കിൽ കയറ്റി 2 കിലോമീറ്റർ ദൂരെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു.
സന്ദർശകർ ചായക്കട ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചു എന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും മുറ്റത്തു തുപ്പുക മാത്രമാണ് ചെയ്തതെന്നും എസ്ഐ സാഗർ പറഞ്ഞു. പ്രതികൾ ചായക്കട കേന്ദ്രീകരിച്ച് ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതികൾ ബസ് പിന്തുടരാൻ ഉപയോഗിച്ച 2 ബൈക്കുകളും ആക്രമണം നടത്തിയ ആയുധങ്ങളും കണ്ടെടുത്തു.
ഏഴംഗ അക്രമി സംഘത്തിലെ ആദിത്യൻ, പോപ്പി, നഫ്സൽ എന്നിവർ ഒളിവിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാൻഡ് ചെയ്തു. അഡീഷനൽ എസ്ഐ സി.പി.ഷാജി, എഎസ്ഐ രാധാകൃഷ്ണൻ, സീനിയർ സിപിഒ വേണുഗോപാൽ പ്രഭു, സിപിഒമാരായ വിൻസന്റ്, രമ്യ, അശോകൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.