നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ ആരോപണ വിധേയയായ അഞ്‌ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഹാജരായി. മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്.
അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരാക്കുമെന്ന് അഞ്‌ജലി പറഞ്ഞു. കോടതിയിലെത്തിയ അഞ്‌ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നൽകി. അന്വേഷണവുമായി സഹകരിക്കും, കോടതിയുടെ പരിഗണനയിലുള്ള കേസിൽ കൂടുതലൊന്നും പറയാനില്ലെന്നും അഞ്‌ജലി കൂട്ടിച്ചേർത്തു.
നമ്പർ 18 പോക്‌സോ കേസിലെ മൂന്നാംപ്രതിയായ അഞ്‌ജലിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് ബുധനാഴ്‌ച പോക്‌സോ കോടതിയിൽ ഹാജരായത്. അതേസമയം, ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്‌ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഇവരുടെ വീട്ടിൽ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് ഇവർ കോടതിയിൽ എത്തിയത്.
