അസമിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന 20 വയസുകാരനാണ് കൊല്ലപ്പെട്ടത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പോലീസ് കസ്‌റ്റഡിയിൽ നിന്നും വനിതാ പോലീസ് ഉദ്യോഗസ്‌ഥ ഉൾപ്പടെയുള്ളവരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിന്റെ ഇടയിലാണ് ബിക്കി അലി വെടിയേറ്റ് മരിച്ചത്.
വെടിവെപ്പിൽ ബിക്കി അലിയുടെ നെഞ്ചിലും പുറകിലുമായി നാല് മുറിവുകൾ പറ്റിയിട്ടുണ്ടെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്‌തമാക്കി. പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ബിക്കി അലി ഉൾപ്പടെ 5 പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ബിക്കി അലി പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 16ആം തീയതിയാണ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. തുടർന്ന് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ ഫെബ്രുവരി 19ആം തീയതി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി വീണ്ടും ലൈംഗിക പീഡനത്തിന് ഇരയാക്കി. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്‌തമാക്കി.
