മദ്യം വിളമ്പാൻ സ്‌ത്രീകൾ; കൊച്ചിയിൽ ബാർ മാനേജർ അറസ്‌റ്റിൽ

0
44

ബാറിൽ മദ്യം വിളമ്പാൻ സ്‌ത്രീകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്‌യാർഡ് ഫ്ളൈ ഹൈ ഹോട്ടലിനെതിരെയാണ് കേസ്. അബ്‌കാരി ചട്ടം ലംഘിച്ചതിന് മാനേജറെ അറസ്‌റ്റ്‌ ചെയ്‌തു.

കേരളത്തിലെ എക്‌സൈസ് ചട്ടം അനുസരിച്ച് വനിതകളെ മദ്യവിതരണത്തിന് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് ലംഘിച്ചതിനാണ് കൊച്ചിയിലെ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടറുടേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഷിപ്‌യാർഡിനടുത്തുള്ള ഹാർബർ വ്യൂ എന്ന ഹോട്ടൽ നവീകരിച്ച് ഫ്ളൈ ഹൈ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.

വിദേശത്ത് നിന്ന് എത്തിച്ച വനിതകളായിരുന്നു ഇവിടെ മദ്യവിതരണം നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് ഹോട്ടലിലെത്തി പരിശോധന നടത്തി. തുടർന്ന് ഹോട്ടലിനെതിരെ കേസെടുക്കുകയും മാനേജറെ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഒരു ഡാൻസ് ബാർ എന്ന രീതിയിലാണ് കൊച്ചിയിൽ ഫ്ളൈ ഹൈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. ഇവിടുത്തെ സ്‌റ്റോക്ക് രജിസ്‌റ്ററിൽ അടക്കം നിയമവിരുദ്ധമായ ചില കാര്യങ്ങൾ കണ്ടെത്തിയെന്നും എക്‌സൈസ് പറയുന്നു. എന്നാൽ, മദ്യവിതരണത്തിന് വനിതകളെ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്‌ഥാനത്ത് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മാത്രം മദ്യവിതരണത്തിന് സ്‌ത്രീകളെ ഉപയോഗിക്കാം എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്ന് എക്‌സൈസും ചൂണ്ടിക്കാട്ടി. ബാറിന്റെ ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ റിപ്പോർട് എക്‌സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണ്.