Thursday
18 December 2025
24.8 C
Kerala
HomeKeralaമകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം

മകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം

മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ഊരു വിലക്ക് ഏർപ്പെടുത്തി ക്ഷേത്രം. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക് ഏർപ്പെടുത്തിയത്.

പൂരക്കളിയുടെയും മറുത്ത് കളിയുടെയും ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. എന്നാലിപ്പോൾ മതത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനാൽ ഇദ്ദേഹത്തിന്റെ ഏക വരുമാന മാർഗവും അടഞ്ഞിരിക്കുകയാണ്.

കരിവെള്ളൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോൽസവത്തിനായി നാലും അഞ്ചും വർഷം മുൻപേ സമുദായക്കാർ പണിക്കൻമാരെ നിശ്‌ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുനിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോൽസവത്തിന്റെ ഭാഗമായുള്ള പൂരകളിക്കും മറത്ത് കളിക്കും നിശ്‌ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

എന്നാൽ ഇതിന് ശേഷമാണ് വിനോദിന്റെ മകൻ മുസ്‌ലിം പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പണിക്കർക്ക് ക്ഷേത്ര ഭാരവാഹികൾ ഊരു വിലക്ക് ഏർപ്പെടുത്തിയത്. ഇതരമതത്തിൽപെട്ട പെൺകുട്ടി താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾക്കായി വിനോദിനെ കൂട്ടി പോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.

മകന്റെ ഭാര്യയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യവസ്‌ഥ വെച്ചിരുന്നു. എന്നാൽ വിനോദ് ഇതിന് വഴങ്ങിയില്ല. ജൻമിത്വത്തിനും ജാതി വ്യവസ്‌ഥക്കുമെതിരായ നിരവധി പോരാട്ടങ്ങൾക്ക് വേദിയായ കരിവെള്ളൂരിൽ ഇത്തരമൊരു സംഭവം നടന്നത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments