ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൈനയിലുടനീളം മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിലാണെന്ന് ചൊവ്വാഴ്‌ച പുറത്തുവന്ന റിപ്പോർട് വ്യക്‌തമാക്കുന്നു. ചൈനയിലെ കോവിഡ് കേസുകൾ ദിനംപ്രതി ഇരട്ടിയാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്.
ചൊവ്വാഴ്‌ച 5280 കോവിഡ് കേസുകളാണ് ചൈനയിൽ പുതുതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ ഇരട്ടിയാണിത്. ചൈനയുടെ ‘സീറോ കോവിഡ്’ യജ്‌ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഒമൈക്രോൺ വ്യാപനം.
രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും ചൊവ്വാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗണിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്‌ഡൗൺ തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങളുള്ള നഗരങ്ങളിൽ പൊതുഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ജനങ്ങളോട് മൂന്ന് വട്ടം കോവിഡ് പരിശോധന നടത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസ് 2019ൽ ആദ്യമായി കണ്ടെത്തിയത് മുതൽ യാത്രാനിയന്ത്രണങ്ങൾ, ലോക്ക്‌ഡൗൺ, വ്യാപകമായ പരിശോധനകൾ തുടങ്ങി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ് ചൈന.