വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് യുവാക്കൾ അറസ്‌റ്റിൽ. ടോപ്പ് സ്‌റ്റേഷനിൽ ഹോട്ടൽ നടത്തുന്ന മിഥുൻ (32), ഇയാളുടെ ബന്ധു മിലൻ (22), മുഹമ്മദ്ദ് ഷാൻ (20), ഡിനിൽ (22) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കൾ ശനിയാഴ്‌ചയാണ് ടോപ്പ് സ്‌റ്റേഷൻ സന്ദർശിക്കുവാൻ എത്തിയത്. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹിൽടോപ്പ് ഹോട്ടലിൽ ചായ കുടിക്കാൻ കയറി. ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികൾ ബസിൽ കയറി സ്‌ഥലം വിട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ സുഹൃത്തുക്കളുമായി ഇരുചക്ര വാഹനങ്ങളിൽ ബസിനെ പിന്തുടരുകയും ആക്രമിക്കുകയും ആയിരുന്നു. യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു. വിനോദസഞ്ചാരികളെയും ബസ് ജീവനക്കാരേയും തടഞ്ഞ് ബസിന് പുറത്തിറക്കി ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് എട്ടുപേരടങ്ങുന്ന സംഘത്തിലെ നാലുപേരെ മൂന്നാർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. അക്രമത്തിൽ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.