കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി അറസ്‌റ്റിൽ. പൂന്തുറ പോലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്‌റ്റ് ചെയ്‌തത്. ഇവർ ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
കുട്ടിയുടെ അച്ഛൻ സജീവനെതിരെയും മുത്തശ്ശി സിപ്‌സിക്ക് എതിരെയും പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെയാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവർക്കും എതിരെ കേസെടുത്തത്.
ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകൻ ജോൺ ബിനോയ് ഡിക്രൂസും ചേർന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ സ്‌ത്രീ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നും സുഖമില്ലെന്നും പറഞ്ഞ് റിസപ്‌ഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ ഇവർ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയി. പിന്നാലെയെത്തിയ ജോൺ ബിനോയിയും ആശുപത്രിയിലേക്ക് പോയി.
എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടൽമുറിയിൽ വെച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.