മദ്യം കടത്തിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയെ പോലീസ് സംഘത്തിന് നേരെ ആക്രമണം. കാസർഗോഡാണ് സംഭവം. അനധികൃതമായി മദ്യം കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രവിയെ പിടികൂടാനാണ് പോലീസ് സംഘം എത്തിയത്. പോലീസുകാർക്ക് നേരെ രണ്ട് സ്‌ത്രീകൾ ഉൾപ്പടെയുള്ള സംഘത്തിന്റെ ആക്രമണമാണ് ഉണ്ടായത്.
ആദൂർ എസ്‌ഐ മോഹനൻ, സിവിൽ പോലീസ് ഓഫിസർമാരായ ചന്ദ്രൻ ചേരിപ്പാടി, അജയ് വിൽസൺ എന്നിവർക്ക് നേരെയാണ് മദ്യക്കടത്ത് കേസിലെ പ്രതി ബെള്ളൂർ കോടംകുടുലുവിലെ രവിയും (39), ഭാര്യയും മറ്റൊരു സ്‌ത്രീയും ചേർന്ന് അക്രമം അഴിച്ചുവിട്ടത്. പോലീസിനെ അക്രമിച്ചതിനും, കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മൂന്ന് പേർക്കുമെതിരെ ആദൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ നോക്കിയ രവിയെ എസ്ഐയുടെ നേതൃത്വത്തിൽ പിടികൂടാൻ ശ്രമിച്ചു. ഇതോടെ രവി ഭാര്യയെയും മറ്റൊരു സ്‌ത്രീയെയും കൂട്ടി പോലീസിനെ ആക്രമിക്കുകയായിരുന്നു. സ്‌ത്രീകൾ കൈകൊണ്ടും കത്തിയുടെ മടമ്പുകൊണ്ടും ഉദ്യോഗസ്‌ഥരെ ആക്രമിച്ചു. ഇതിനിടെ രവി കുതറിയോടി രക്ഷപ്പെടുകയും ചെയ്‌തു. ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രൻ ചേരിപ്പാടിയും അജയ് വിൽസണും ആശുപത്രിയിൽ ചികിൽസയിലാണ്.
2021 ഡിസംബർ 16ന് കർണാടകയിൽ നിന്ന് സ്‌കൂട്ടറിൽ കടത്തിയ 180 മില്ലിയുടെ 160 കുപ്പി മദ്യം രവിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. തുടർന്ന് മദ്യവും സ്‌കൂട്ടറും ഉപേക്ഷിച്ച് രവി ഓടിരക്ഷപ്പെടുകയായിരുന്നു. ഫോണിലൂടെ പലതവണ ആവശ്യപ്പെട്ടിട്ടും രവി പോലീസ് സ്‌റ്റേഷനിലൊ കോടതിയിലോ ഹാജരാകാൻ തയ്യാറായില്ല. ഇതോടെയാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറി രവിയുടെ വീട്ടിലെത്തിയത്. തുടർന്നാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്.