പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ആറ് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരകളാക്കി; സംഭവം പുറത്തുപറയാതിരിക്കാൻ പ്രതികൾ പെൺകുട്ടികൾക്ക് അഞ്ച് രൂപ നൽകി

0
67

പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകൾ കണ്ടതിന് ശേഷമായിരുന്നു ആൺകുട്ടികളുടെ ആക്രമണം. ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തുപറയാതിരിക്കാൻ പ്രതികൾ പെൺകുട്ടികൾക്ക് അഞ്ച് രൂപയും നൽകി. കേസിൽ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് പിടികൂടി.

വയലിൽ നിന്ന് പച്ചക്കറി ശേഖരിക്കാൻ പോയതായിരുന്നു ഏകദേശം 8, 9 വയസ് തോന്നിക്കുന്ന പെൺകുട്ടികൾ. ഇതിനിടെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടികൾ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇതിൽ ഒരാളുടെ ആരോഗ്യ നില വഷളായി. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ ബലാത്സംഗം ചെയ്ത ആൺകുട്ടികളുടേയും ഇരകളായ പെൺകുട്ടികളുടേയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് പിന്നാലെയാണ് ബലാത്സംഗം ചെയ്യാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം രണ്ട് പെൺകുട്ടികളെയും മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു.