മൂന്നാറിൽ ആദിവാസികൾക്കായി പാർപ്പിടം ഒരുക്കി. ഇടുക്കി ജില്ലയുടെ 50ആമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും മൂന്നാർ ഇടമലക്കുടി പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്‌തമായി മൂന്നാറിൽ സഞ്ചാരികൾക്കായി ആദിവാസികളുടെ പാർപ്പിടം സജ്‌ജമാക്കിയത്. പഴയ മൂന്നാറിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് എതിർവശത്തായി വൈക്കോൽ ഉപയോഗിച്ചാണ് പുരയിടം നിർമിച്ചിരിക്കുന്നത്.
ഇതോടൊപ്പം ആദിവാസികളുടെ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് മൂന്നാറിന്റെ മനോഹാരിത ബസിൽ ചിത്രീകരിച്ച് കെഎസ്ആർടിസി യാത്രയും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉൽഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. ദേവികുളം എംഎൽഎ അഡ്വ. എ രാജ ബസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്‌തു. തുടർന്ന് കോവിഡ് കാലത്ത് മികച്ച സേവനം കാഴ്‌ചവച്ച ദേവികുളം പിഎച്ച്സിയിലെ ഡോ. അശ്വതിയടക്കമുള്ളവർക്ക് മെമന്റോ നൽകി ആദരിച്ചു.
ദേവികുളം സബ് കളക്‌ടർ രാഹുൽ കൃഷ്‌ണ ശർമ, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ രവികുമാർ, ആനന്ദറാണി, ഈശ്വരി, അഡ്വ. ഭവ്യകണ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേൽ, ജില്ലാ മിഷൻ കോ-ഓഡിനേറ്റർ റ്റിജി അജേഷ്, മൂന്നാർ ഡിവൈഎസ്‌പി കെആർ മനോജ്, സിഡിഎസ് ചെയർപേഴ്‌സൺ ഹേമലത തുടങ്ങിയ നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് നാടകവും നടന്നു.