മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
വിചാരണക്കോടതി നിർദ്ദേശിക്കുന്ന ഉപാധികൾ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. എല്ലാ മാസവും കേസ് അന്വേഷിക്കുന്ന സിബിഐ ഓഫിസർക്ക് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവിൽ പേരറിവാളൻ പരോളിലാണ്. നേരത്തെ മൂന്ന് തവണ പരോളിൽ ഇറങ്ങിയിട്ടും പേരറിവാളന്റെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നും കണ്ടിട്ടില്ലെന്നും ജാമ്യം അനുവദിക്കവേ കോടതി വിലയിരുത്തി. അതിനാൽ, 32 വർഷമായി ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിന് ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
മാത്രമല്ല, പേരറിവാളന്റെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ശിക്ഷയിൽ ഇളവ് നൽകണമെന്ന് കാണിച്ച് പേരറിവാളൻ ഗവർണർക്ക് മുന്നിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്‌ഥാനത്തിനും ഗവർണർക്കും മാത്രം തീരുമാനമെടുക്കാൻ കഴിയുന്നത് സംബന്ധിച്ച് നിയമപരമായി പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹരജിയിൽ വാദം കേട്ടത്. 1999ലാണ് പേരറിവാളൻ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുന്നത്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്. പുഴൽ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി പേരറിവാളന് വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്‌ത് ജീവപര്യന്തമാക്കി കുറച്ചത്