നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ ഭാഗമായി ദിലീപും മറ്റ് പ്രതികളും സമർപ്പിച്ച മൊബൈൽ ഫോണുകളിലെ വിവരങ്ങൾ നേരത്തെ തന്നെ നശിപ്പിച്ചിരുന്നു എന്നാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സൂരജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ ഉളളത്. കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. തുടർന്നാണ് ഇവരുടെ ഫോണുകൾ കോടതി മുഖേന കൈമാറിയത്. ഇവർ സമർപ്പിച്ച 6 ഫോണുകളിൽ 4 എണ്ണം ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് ഫോർമാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ഇക്കാര്യം വ്യക്‌തമാക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും, മറ്റ് ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ തെളിവുകൾ നശിപ്പിച്ചെന്ന് കോടതിയിൽ വ്യക്‌തമാക്കിയ സാഹചര്യത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടേക്കും.