വര്‍ക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത് പുക ശ്വസിച്ചാണെന്ന് നിഗമനം. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാന്‍ ആയത്. എല്ലാ മുറിയിലും എ സി ആയതിനാല്‍ പുക പുറത്ത് പോയില്ല. ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, എ സി ഉള്‍പ്പെടെ എല്ലാം കത്തിനശിച്ചു.
സംഭവത്തെക്കുറിച്ച് റേഞ്ച് ഐജി നിശാന്തിനിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താനായിട്ടില്ലെന്ന് ഐ ജി ആര്‍ നിശാന്തിനി പറഞ്ഞു. ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും അവർ പറഞ്ഞു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ പെട്ട്രോള്‍ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവില്‍ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങള്‍ കത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറൻസിക് സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. അഞ്ചുപേര്‍ മരിച്ചതിനാല്‍ അതിന്റേതായ പ്രധാന്യം നല്‍കുമെന്നും. വിദഗ്ദ്ധരെത്തി പരിശോധന തുടരുന്നുണ്ടെന്നും നിശാന്തിനി അറിയിച്ചു.