ഒസാക്ക സര്‍വകലാശാലയും കേരളത്തിലെ വിവിധ സര്‍വകലാശാലകളും സഹകരിക്കും

0
110

ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയും കേരളത്തിലെ വിവിധ സര്‍വകലാശാലകളും തമ്മില്‍ സഹകരണത്തിനുള്ള തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ താഗാ മസായുക്കിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. 2019 നവംബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദ മേഖലകളില്‍ ശക്തമായ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണം, മത്സ്യ സംസ്‌കരണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്യുന്നു. ഒട്ടേറെ മലയാളി നഴ്സുമാര്‍ ജപ്പാനില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യും.

ഭാവിയിലും ജപ്പാനുമായി നല്ല ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന എല്ലാ വിഷയങ്ങളിലും അനുഭാവപൂര്‍ണ്ണമായി ജാപ്പനീസ് അംബാസിഡര്‍ പ്രതികരിച്ചു.ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.