കാലടി സംസ്കൃത സര്‍വകലാശാല വിസിയായി ഡോ. എം വി നാരായണന്‍ ചുമതലയേറ്റു

0
135

കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം. വി. നാരായണന്‍ ചുമതലയേറ്റു. താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന കാലിക്കറ്റ് സര്‍വകലാശാല വി സി ഡോ. എം കെ ജയരാജില്‍ നിന്നാണ് പദവി ഏറ്റെടുത്തത്.

കാലടി സര്‍വകലാശാലയുടെ സര്‍വതോന്മുഖ വികസനമാണ് ലക്ഷ്യമെന്ന് ഡോ. എം വി നാരായണന്‍ പറഞ്ഞു. പുതിയ ഉത്തരവാദിത്തം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. സംസ്കൃത സര്‍വകലാശാലയുടെ ഫോറിന്‍ ലാംഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ് ഡോ. എം. വി. നാരായണന്‍.

കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച്‌ സെന്‍ററിന്റെ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവന്‍, ജപ്പാനിലെ മിയാസാക്കി
ഇന്‍റര്‍നാഷണല്‍ കോളെജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലിറ്റററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം പ്രൊഫസ്സര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി എഡിഷനില്‍ സബ് എഡിറ്ററായിരുന്നു. കണ്ണൂര്‍, ഹൈദരാബാദ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. തൃശൂര്‍ പുറനാട്ടുകര സ്വദേശിയാണ്.