2022 ഏപ്രില്‍ ഒന്നു മുതല്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ചെലവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിറക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്.
നിര്‍ദ്ദിഷ്ട പുതുക്കിയ നിരക്കുകള്‍ അനുസരിച്ച്, 1,000 സിസി ഉള്ള സ്വകാര്യ കാറുകള്‍ക്ക് 2019-20 ലെ 2,072 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2,094 രൂപയായി പ്രീമിയം വര്‍ദ്ധിക്കും.അതുപോലെ, 1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നിലവിലെ 3,221 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 3,416 രൂപയും , 1,500 സിസിക്ക് മുകളിലുള്ള കാര്‍ ഉടമകള്‍ക്ക് നിലവിലെ 7,890 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 7,897 രൂപയും പ്രീമിയം ലഭിക്കും .150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 2,804 രൂപയും പ്രീമിയം ലഭിക്കും.
സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും ഈടാക്കുക.കൊറോണ വൈറസ് മാഹാമാരി മൂലം ഉണ്ടായ രണ്ട് വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം, പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.