കെ സുധാകരൻ പെട്ടു, ഡിസിസി പുനഃസംഘടന കീറാമുട്ടി, കോൺഗ്രസിൽ തർക്കം തുടരുന്നു

0
135

ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകളും സമവായശ്രമങ്ങളും തുടരുമ്പോഴും ഡിസിസി പുനഃസംഘടന കീറാമുട്ടിയായി തുടരുന്നത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. മാരത്തൺ ചർച്ച നടത്തിയിട്ടും ഇതുവരെ മൂന്ന് ജില്ലകളില്‍ മാത്രമാണ് ഏകദേശ ധാരണയായത്. അതാകട്ടെ സമവായനീക്കം എന്ന നിലയിലും.

ഈ സാഹചര്യത്തിൽ ബ്ലോക്ക് പുനസംഘടന കൂടി വരുമ്പോൾ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ ആശങ്കയിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ളവർ.

കഴിഞ്ഞ മൂന്നു ദിവസമായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാല് മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിട്ടും തീരുമാനമായത് മൂന്ന് ജില്ലകളിലെ കാര്യം മാത്രമാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെ കാര്യത്തിലാണ് ഇതിനകം ധാരണയായത്. ചെറിയ ജില്ലകളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ ഭാരവാഹികള്‍ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ചര്‍ച്ചയും തര്‍ക്കങ്ങളും പരിഹാരം കാണാനാകാതെ നീളും.

ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്നാണ് സുധാകരൻ ആദ്യം അവകാശവാദം മുഴക്കിയതെങ്കിലും അതെന്നും നടക്കുന്ന ലക്ഷണമില്ല. അതിനിടെ, കെപിസിസി നേതൃത്വം ആദ്യമയച്ച ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്റ് തിരികെ അയച്ചു. മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച്‌ പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്.

തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന തൽക്കാലം നിർത്തിവെക്കണമെന്ന് ഹൈക്കമാൻഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൽ രോഷാകുലനായ കെ സുധാകരൻ രാജിഭീഷണി മുഴക്കുകയും ചെയ്തു. ഇതിനുശേഷമാണ് വീണ്ടും പുനഃസംഘടന നടപടി ആരംഭിച്ചത്.

വലിയ ജില്ലകളില്‍ 25, ചെറിയ ജില്ലകളില്‍ 15 എന്ന നിലയില്‍ ഭാരവാഹികളെ നിശ്ചയിക്കാനായിരുന്നു ധാരണ. എന്നാല്‍ വലിയ ജില്ലകളില്‍ 40 വരെയും ചെറിയ ജില്ലകളില്‍ 30 വരെയും ഭാരവാഹികളെ നിശ്ചയിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നേതൃത്വം ആലോചിക്കുന്നത്. ‌പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നേതൃത്വത്തില്‍ ചര്‍ച്ച പൂര്‍ത്തിയായാലും രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നീ മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും അംഗീകാരമില്ലാതെ പട്ടിക ഹൈക്കമാന്റിന് കൈമാറാന്‍ കഴിയില്ല.

കെ സുധാകരന്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന വികാരം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ഈക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ചില എംപിമാര്‍ ഹൈക്കമാന്റിന് പരാതിയും നൽകി. നേതാക്കള്‍ക്കിടയിലെ തര്‍ക്കം ഉടന്‍ പരിഹരിക്കാനായില്ലെങ്കില്‍ ഡിസിസി, ബ്ലോക്ക് പുനസംഘടന അനന്തമായി നീണ്ട് പോകാനാണ് സാധ്യത.