സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്

0
98

അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പകരമായി സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് തീരുമാനം അറിയിച്ചത്.

ഏകകണ്ഠമായാണ് തീരുമാനമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റിന് പുറമെ ലീഗിന്റെ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കും സാദിഖലി തങ്ങളെ തെരഞ്ഞെടുത്തു.

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സാദിഖലി തങ്ങള്‍. ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല സാദിഖലി തങ്ങള്‍ വഹിച്ചിരുന്നു.

സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റാകുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തും. നിലവില്‍ യൂത്ത്‌ലീഗ് പ്രസിഡന്റായ മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറം ലീഗ് പ്രസിഡന്റായേക്കുമെന്നാണ് സൂചന.