ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോൾ സേഫ്റ്റി പിന്‍ നിര്‍ബന്ധമായും കരുതണമെന്ന് പൊലീസ്

0
47

ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോൾ സേഫ്റ്റി പിന്‍ നിര്‍ബന്ധമായും കരുതണമെന്ന് പൊലീസ്. തിരക്കേറിയ ഇടങ്ങളിലെ മോഷണം അടക്കമുള്ളവ തടയാൻ ഇത് ഏറെ ഉപകാരപ്പെടുമെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ നിന്നും മറ്റും മാല പൊട്ടിച്ചെടുക്കല്‍ കൈയില്‍ നിന്നും കൈ ചെയ്ന്‍ ഊരിമാറ്റല്‍ എന്നിവ തടയാനും സാധിക്കും.
ഉത്സവ സീസണായതോടെ ഉത്സവ കള്ളന്മാരും ഇറങ്ങിക്കഴിഞ്ഞു.

ഇതോടെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ചൂടുകാലമായതിനാല്‍ രാത്രി കാലങ്ങളില്‍ ജനലുകള്‍ തുറന്നിട്ടുറങ്ങുന്നത് മുതലാക്കി നടത്തുന്ന മോഷണങ്ങളും പതിവായിരിക്കയാണെന്നും ഒന്ന് ശ്രദ്ധിച്ചാല്‍ മോഷണം തടയാമെന്നും കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍ പറഞ്ഞു.

വീട് പൂട്ടി പുറത്തു പോകുന്നതിനുമുമ്പ് വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പണവും ആഭരണങ്ങളും അലമാരയില്‍ അല്ലാതെ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു സൂക്ഷിക്കുക. പൊതു ഇടങ്ങളില്‍ പോകുമ്പോൾ ധരിക്കുന്ന സ്വര്‍ണ മാല വസ്ത്രവുമായി ഒരു സേഫ്റ്റി പിന്‍ ഉപയോഗിച്ച്‌ ബന്ധിപ്പിക്കുക. പിന്നില്‍ നിന്നും മാല പൊട്ടിക്കുന്നത് ഇതുവഴി തടയാനാകും.

ചെറിയകുട്ടികള്‍ക്ക് ആഭരണങ്ങള്‍ ധരിപ്പിക്കരുത്. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൂടുതലുണ്ടെങ്കില്‍ എല്ലാവരുംകൂടി ഒരേസമയം വീട് വിട്ട് പോകാതിരിക്കുക. അയല്‍വാസികളോട് വീട് ശ്രദ്ധിക്കുന്ന കാര്യം മുന്‍കൂട്ടി ധരിപ്പിക്കുക. വീടിന് പുറത്ത് മുന്‍വശത്തും പുറകുവശത്തും രാത്രിയില്‍ ലൈറ്റ് തെളിച്ചിടുക.
അപരിചിതര്‍ വന്നാല്‍ വാതില്‍ തുറക്കരുതെന്ന് പറയുക.

രക്ഷാകര്‍ത്താക്കളുമായി സംസാരിച്ചശേഷം മാത്രം വാതില്‍ തുറക്കുക. വീട്ടില്‍ വരുന്ന അപരിചിതരോട് ജനലിലൂടെ മാത്രം സംസാരിക്കുക. മാത്രമല്ല, വീട്ടില്‍ വരുന്ന അപരിചിതരുടെ ഫോടോ മൊബൈല്‍ ഫോണില്‍ എടുക്കുന്നതും ശീലമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പൊലീസ് മുന്നോട്ട് വെച്ചിട്ടുണ്ട്.