യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. സന്‍ആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരി വെച്ചത്. നിമിഷ പ്രിയക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കാം.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചന്ന കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ കോടതി വധശിക്ഷ ശരിവച്ച സാഹചര്യത്തില്‍ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷല്‍ കൗണ്‍സിലിന്റെ പരിഗണനക്ക് കേസ് സമര്‍പ്പിക്കാം.
എന്നാല്‍, അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണ് പതിവ്. കൊല്ലപ്പെട്ടവരുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്കിയാല് മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.