പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലൂടെ ട്രാക്കിലേക്ക് വീണ് നാല് വയസുകാരി, ജീവിതത്തിലേക്ക് തിരികെപിടിച്ച് പൊലീസുകാര്‍

0
85

ട്രെയിനിൽ നിന്നിറങ്ങവേ ട്രാക്കിലേക്കുവീണ നാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് പൊലീസുകാർ. മധുര സ്വദേശി സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകള്‍ റിയശ്രീയാണ് വര്‍ക്കല റെയില്‍വേ സ്‌റ്റേഷനിലെ പൊലീസുകാരുടെ സമയോചിത ഇടപെടല്‍ കാരണം രക്ഷപ്പെട്ടത്.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലൂടെ താഴേക്കുവീണ കുട്ടിയെ തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് പൊലീസുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. മധുര-പുനലൂര്‍ പാസഞ്ചറിലാണ് സെല്‍വകുമാറും കുടുംബവും എത്തിയത്. വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ റിയശ്രീ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലൂടെ താഴേക്ക് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനീഷ്, എം എസ് ഷാന്‍ എന്നിവര്‍ ഓടിയെത്തി. ഇവര്‍ ട്രെയിനിനടിയിൽ നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്‌ഫോമിലെത്തിച്ചു. അപകടവിവരമറിഞ്ഞ സ്റ്റേഷന്‍ സൂപ്രണ്ട് ശിവാനന്ദന്‍ സിഗ്നല്‍ നല്‍കാതിരുന്നതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

മൂക്കിന് ചെറിയ പരിക്ക് മാത്രം പറ്റിയ റിയശ്രീയെ രക്ഷപ്പെടുത്തിയശേഷം ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം യാത്രയായി. മകളുടെ ജീവന്‍ രക്ഷിച്ച പൊലീസുകാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും സെല്‍വകുമാറും കുടുംബവും നന്ദി പറഞ്ഞു.