പീഡനക്കേസ്: ‘സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം, പോഷ് നിയമം നടപ്പിലാക്കണം’; അതിജീവിതയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി

0
151

പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമം നടപ്പാക്കുന്നതിനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം. എല്ലാം തുറന്നു പറയുവാനുള്ള അതിജീവിതയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേസ് തീർപ്പാകുന്നത് വരെ എല്ലാ സിനിമാ മേഖലകളിൽ നിന്നും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണം എന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. മലയാള സിനിമയിൽ ലിജു കൃഷ്ണയെ പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കണമെന്നും സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കണം.

ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയം കൊണ്ടുവരണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ലിജു കൃഷ്ണയ്‌ക്കെതിരെയുള്ള അതിജീവിതയുടെ കുറിപ്പും ഡബ്ല്യുസിസി പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സഹപ്രവർത്തകയുടെ പരാതിയിന്മേൽ ലിജു കൃഷ്ണ അറസ്റ്റിലായത്. കണ്ണൂരില്‍ നിന്നുമാണ് ലിജു പൊലീസ് പിടിയിലായത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് ലിജുകൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. പടവെട്ട് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍ നിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണ് പടവെട്ട്. സംവിധായകന്‍ അറസ്റ്റിലായതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

2020-21 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും ലിജു മുതലെടുപ്പ് നടത്തിയെന്നും യുവതി വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജിലെഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്.

2021 ജനുവരിയില്‍ താന്‍ ഗര്‍ഭിണിയാണെന്നറിയുകയും ആരോഗ്യം പൂര്‍ണമായും തകരുകയും ചെയ്തുവെന്നും എന്നാല്‍ ഇതറിയിക്കാന്‍ ലിജുവിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.