Wednesday
17 December 2025
31.8 C
Kerala
HomeHealthവനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും

വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.

ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താല്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. ദീപമോള്‍ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.

യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു.

2021ല്‍ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്റെയും വിദ്യാര്‍ത്ഥിയായ ഏക മകന്‍ ദീപകിന്റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ അത് എന്തും ആയിക്കൊട്ടെ അതുമായി മുന്നണിയിലേക്ക് എത്തണമെന്നാണ് ദീപമോള്‍ക്ക് പറയാനുള്ളത്. ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. ആരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തികഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപമോള്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments