നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട്: മുന്‍ എം ഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍

0
109

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. എസ്എസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ചിത്ര രാമകൃഷ്ണക്ക് സെബി (സെക്യൂരിറ്റീസ് ഓഫ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയന്നൊണ് കേസ്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമെന്നായിരുന്നു സെബിയുടെ റിപ്പോര്‍ട്ട്. സ്റ്റോക്ക് എക്സ്സ്‌ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായഭിന്നത കാരണം 2016ല്‍ ചിത്ര രാമകൃഷ്ണ എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെതുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

കേസിൽ എന്‍എസ്. ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ ഫെബ്രുവരി 24 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചിത്രക്ക് ആനന്ദ് സുബ്രഹ്മണ്യനുമായി അടുത്ത ബന്ധമുള്ളതായും ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്‍എസ്ഇയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ യോഗിയുമായി പങ്കുവെച്ചതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തിടെ സെബി ചിത്ര രാമകൃഷ്ണക്ക് 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2013 മുതൽ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇയില്‍ പ്രവര്‍ത്തിച്ചത്.