വീട്ടുജോലിക്കെത്തിയ സ്ത്രീ മുറ്റത്ത് മരിച്ചനിലയില്‍

0
63

ബാങ്ക് ഉദ്യോഗസ്ഥയുടെ വാടകവീട്ടില്‍ സഹായിയായിരുന്ന സ്ത്രീയെ വീട്ടുമുറ്റത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ആലങ്കോട് പാവൂര്‍ക്കോണം പാറവിള വീട്ടില്‍ ബിന്ദുവാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുടമയാണ് മുറ്റത്തെ അലക്ക് കല്ലിനോട് ചേര്‍ന്ന് തല പൊട്ടി രക്തം വാര്‍ന്ന് മരിച്ചനിലയില്‍ ബിന്ദുവിനെ കണ്ടത്. തലേദിവസം രാത്രി എട്ടുവരെ വീടിന്‍റെ താഴത്തെനിലയില്‍ താമസിക്കുന്ന ഉടമയുടെ കുടുംബവുമായി ബിന്ദു സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

മൂന്നു മാസം മുമ്പാണ് ബിന്ദു ഇവിടെ ജോലിക്കെത്തിയത്. കെട്ടിടത്തിന്‍റെ രണ്ടാംനിലയിലാണ് അഞ്ചല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അസിസ്റ്റന്‍റ് മാനേജര്‍ റിയയോടൊപ്പം ബിന്ദുവും താമസിച്ചുവന്നത്. ജോലി ആവശ്യങ്ങള്‍ക്കായി ഏതാനും ദിവസങ്ങളായി റിയ ചെന്നൈയിലായതിനാല്‍ ബിന്ദു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

രണ്ടാംനിലയുടെ മുകളില്‍ ഫോണ്‍ ചെയ്ത് നടന്നപ്പോള്‍ കാല്‍വഴുതി താഴെ വീണതായിരിക്കാം എന്നും പൊലീസ് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ ബിന്ദുവിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചു. 17 വയസ്സുള്ള മകനും14വയസ്സുള്ള മകളുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫിംഗര്‍ പ്രിന്‍റ് ഉദ്യോഗസ്ഥരും സയന്‍റിഫിക് പരിശോധകരും സ്ഥലത്തെത്തി തെളിവെടുത്തു.