“തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും”- ഭാവനയുടെ തുറന്നുപറച്ചിൽ പൂർണരൂപം

0
75

അഞ്ചുവർഷത്തെ നിശബ്ദത ഭേദിച്ച് ഭാവന എല്ലാം ധൈര്യപൂർവം തുറന്നുപറഞ്ഞു. താൻ നേരിട്ട അതിക്രമത്തെക്കുറിച്ച്, അഞ്ചുവർഷം അനുഭവിച്ച പ്രതിസന്ധിയെപ്പറ്റി, അവയെ അതിജീവിച്ചതിനെക്കുറിച്ച്, സൈബർ ആക്രമണങ്ങൾ തുടരുന്നതിനെക്കുറിച്ച്, ഒരു വിഭാഗം നടത്തിയ ഭീകരമായ കുറ്റപ്പെടുത്തലുകളെപ്പറ്റി….

ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞത്, ഇരയെന്ന പേരിട്ട് മുഖ്യധാരയിൽ നിന്നും തന്റെ പേര് തന്നെ അപ്രത്യക്ഷമായത്, സിനിമാ മേഖലയിൽ നിന്നുണ്ടായ മോശം പ്രതികരണങ്ങളും പിന്തുണയും അടക്കം എല്ലാം ഭാവന തുറന്നുപറഞ്ഞു. താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും ആത്മാഭിമാനത്തിനും നീതിക്കും വേണ്ടി അവസാനം വരെ പോരാടുമെന്നുമുള്ള നിശ്ചയദാർഢ്യം നിറഞ്ഞ വാക്കുകളോടെയാണ് ഭാവന തുറന്നുപറച്ചിൽ അവസാനിപ്പിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് നടി ആദ്യമായി തുറന്നു പറച്ചിൽ നടത്തിയത്. പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും ഭാവന ആമുഖമായി പറഞ്ഞു. അസ്വസ്ഥത തോന്നുന്ന കാര്യങ്ങൾ പറയേണ്ടതില്ലെന്നും നിയമ പരിഗണയിലുള്ള കാര്യങ്ങൾ ഒഴിച്ചുള്ളവ പറയാമെന്നും ബർഖ ദത്ത് ചൂണ്ടിക്കാട്ടി.

അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു

നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ എനിക്ക് സംഭവിക്കില്ലായിരുന്നു എന്നുള്‍പ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വന്തമായി കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. ഇരയെന്ന പേരിട്ട് മുഖ്യധാരയിൽ നിന്നും തന്നെ അടിക്കടി മാറ്റിനിർത്തി. വല്ലാതെ ഒറ്റപ്പെട്ടു എന്ന് തോന്നിയ സമയമായിരുന്നു അവ. എന്നാൽ, കോടതിയിലെ വിചാരണ ദിവസങ്ങളാണ് താൻ ഇരയല്ല അതിജീവിതയാണെന്ന ബോധ്യം തന്നിലുണ്ടാക്കിയത്. 2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ വിചാരണ ആരംഭിച്ചു. കോടതിയില്‍ പോയ 15 ദിവസങ്ങള്‍ വളരെ ട്രോമാറ്റിക് ആയിരുന്നു. അവസാനത്തെ ഹിയറിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുകയായിരുന്നു.

മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍

ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. ഞാനും എന്റെ കുടുംബവും ബോധപൂർവം കേസ് ഉണ്ടാക്കുകയാണെന്നു വരെ പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. അതെന്നെ വല്ലാതെ തളർത്തി. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങി.

ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന് ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. പിന്നെയും ഇത്തരം പരാമര്‍ശങ്ങളാല്‍ അവർ എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു. എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി

എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്ന് ചോദിച്ചവരുണ്ട്

അന്ന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നില്ല. 2019 ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ പോലും എനിക്ക് മോശം മെസേജുകള്‍ വന്നു. എന്ത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല എന്നെല്ലാം ചോദിച്ച് കൊണ്ട്. ഇതെല്ലാം കാരണം ഈ യാത്ര വളരെ മോശമായിരുന്നു. തകർന്നിരുന്നു പക്ഷെ പിന്നോട്ടില്ല, ചില സമയത്ത് ഞാന്‍ വളരെ തളര്‍ന്നു പോവും. എനിക്ക് പിന്തിരിയണമെന്ന് പല പ്രാവശ്യം തോന്നി. സാധാരണ ജീവിതം എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ പല പ്രാവശ്യം എല്ലാം ഒഴിവാക്കാന്‍ തോന്നിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളത് …