സൗമ്യ സാന്നിധ്യം ഇനി ഓര്‍മ

0
101

സ്വന്തം ലേഖകൻ

കേരളം രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം തന്നെയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് നേതൃത്വത്തെയാകെ ആടിയുലച്ച സംഭവങ്ങൾ ഉണ്ടായപ്പോഴൊക്കെയും തികഞ്ഞ സൗമ്യതയോടെത്തന്നെ അവയെ നേരിട്ട മറ്റൊരു നേതാവിനെ ലീഗിൽ ചൂണ്ടിക്കാട്ടാൻ കഴിയില്ല.

ഏറ്റവുമൊടുവിൽ പി കെ കുഞ്ഞാലിക്കുട്ടി അടക്കം ചില നേതാക്കൾ ഒപ്പം നിന്ന് പാലം വലിച്ചപ്പോഴും ഒറ്റപ്പെടുത്താൻ തുനിഞ്ഞപ്പോഴുമെല്ലാം ഈ ശാന്തത ഹൈദരലി ശിഹാബ് തങ്ങള്‍ കൈവിട്ടില്ല. രോഗബാധിതനായപ്പോഴും സമുദായത്തിന്റെ താല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുതന്നെയാണ് അദ്ദേഹം പ്രവർത്തിച്ചതും.

ലീഗും സമസ്തയും തമ്മിലുള്ള അകൽച്ച കൂടിവന്നപ്പോഴും അത് പരിഹരിക്കാൻ കഴിയേണ്ടതുണ്ടെന്നായിരുന്നു തങ്ങളുടെ അഭിപ്രായം. 12 വര്‍ഷമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. 18 വര്‍ഷത്തോളം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികൾക്ക് സാമുദായിക, ആത്​മീയ ആചാര്യനായിരുന്നു ഹൈദരലി തങ്ങൾ. കേരളത്തിൽ ഒരുവേള ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി​​യും ഹൈദരലി തങ്ങൾക്കാണ്. 1994ല്‍ നെടിയിരുപ്പ് പോത്ത്​വെട്ടിപ്പാറ മഹല്ല്​ ഖാദിയായാണ്​ തുടക്കം. മലപ്പുറം, വയനാട്​, തൃശൂര്‍ ജില്ല ഖാദി സ്​ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്​.

ഇതിനുപുറമെ കർണാടകത്തിലും തമിഴ്നാട്ടിലുമായി വിവിധ മഹല്ലുകളുടെയും പള്ളികളുടെയും രക്ഷാധികാരി സ്ഥാനവും വഹിച്ചു. 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്‍റായി തുടക്കം കുറിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്. കേരളത്തില്‍ ഏറ്റവും കൂടു​തല്‍ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരക്കാരനായി.

പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി എം എസ് എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും മൂന്നമത്തെ മകനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു.

തുടര്‍ന്ന് കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. എസ്എസ്എല്‍സിക്കു ശേഷം മതപഠനം. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത്. തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുക്കന്മാർ.

ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി.
സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.

2009ല്‍ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പാണക്കാട്​ തങ്ങള്‍ കുടുംബം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ആകുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു ഇത്. 19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റായിരുന്നു.

മുസ്​‌ലിംലീഗ് ഉന്നതാധികാരസമിതിയംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. യു എ ഇ, ഖത്തര്‍, കുവൈത്ത്​, ഒമാന്‍, ബഹ്​റൈന്‍, സൗദി അറേബ്യ, തുര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നൽകിയ വ്യക്തി കൂടിയായിരുന്നു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനും മഞ്ചേരി മെഡിക്കല്‍ കോളേജിനും സമീപത്തുള്ള സിഎച്ച് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിനായി. സമീപകാലത്താണ് തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്ത് സിഎച്ച് സെന്ററിന് തറക്കല്ലിട്ടത്. ഒട്ടേറെ പേര്‍ക്ക് ആശ്രയമാകണമെന്ന ലക്ഷ്യത്തോടെയാണ് തിരൂരില്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിക്ക് തുടക്കമിട്ടത്.

രാഷ്ട്രീയം തനിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പലപ്പോഴും അടുപ്പക്കാരോട് മനസ് തുറന്നിട്ടുണ്ട്. വാചക കസർത്തില്ല. പലപ്പോഴും മുസ്ലിംലീഗിന്റെ വരെ വാർത്താസമ്മേളനങ്ങളിൽ പോലും അദ്ദേഹം സ്വയം പിൻവലിക്കുകയായിരുന്നു.