Thursday
8 January 2026
32.8 C
Kerala
HomeKeralaപാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം.

അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രിയില്‍ 16 ദിവസത്തിലേറെയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. നില മൂർച്ഛിച്ചതോടെയാണ് അങ്കമാലിയിലേക്ക് മാറ്റിയത്.

കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും വഹിച്ചിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

RELATED ARTICLES

Most Popular

Recent Comments