മരിച്ചു കൂടെ എന്ന് അവര്‍ എന്നോട് ചോദിച്ചു, ഞാന്‍ കഷണങ്ങളായി നുറുങ്ങിപ്പോയി; വെളിപ്പെടുത്തലുകളുമായി ഭാവന

0
34

പോയി മരിച്ചു കൂടെ എന്നുവരെ തന്നോട് സോഷ്യൽ മീഡിയയിൽ ചോദിച്ചവരുണ്ടെന്നും അത് കേട്ടപ്പോൾ താൻ കഷണങ്ങളായി നുറുങ്ങിപ്പോയെന്നും വെളിപ്പെടുത്തി ഭാവന. ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവങ്ങളാണ് ഉണ്ടായത്. ബുദ്ധമുട്ടേറിയ ആ യാത്ര ഇപ്പോഴും തുടരുകയാണ്. 2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച്‌ കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു.

അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച്‌ ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണത്- ഭാവന പറഞ്ഞു.

‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.

എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്നും അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി,’ ഭാവന പറയുന്നു.

വനിതാ ദിനത്തോട് അനുബന്ധിച്ച്‌ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.