ഗായത്രിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പ്രതി പ്രവീൺ കസ്റ്റഡിയിൽ

0
93

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ഗായത്രിയെയയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രണയ ബന്ധത്തെത്തുടർന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണകാരണം എന്നായിരുന്നു ആദ്യം കരുതിയത്. ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണിനെ പിന്നാലെ കാണാതായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ പ്രവീണും ​ഗായത്രിയും വിവാഹിതരായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. ഗായത്രിയെ പള്ളിയില്‍ കൊണ്ടു പോയി താലികെട്ടിയതും സ്‌നേഹം നടിച്ചതും വകവരുത്താനായിരുന്നുവെന്നാണ് സൂചന.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ എത്തുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച്‌ പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളില്‍ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാഞ്ഞില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു.

പ്രവീണാണ് ഹോട്ടലിൽ മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തി. വൈകീട്ട് അഞ്ചരയോടെ പ്രവീണ്‍ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂര്‍ സ്റ്റഷനില്‍ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ള ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് പ്രവീണിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.