കാട്ടുപോത്തിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍; നാടന്‍ തോക്കുകളും പിടിച്ചെടുത്തു

0
131

അടിമാലിയിൽ കാട്ടുപോത്തിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍. ഇവരിൽ നിന്നും രണ്ട് നാടന്‍തോക്കുകളും പിടികൂടി.

മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ എന്ന രാധാകൃഷ്ണന്‍, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍, ശക്തിവേല്‍, ഒഴുവത്തടം സ്വദേശി മനീഷ്, പത്താംമൈല്‍ സ്രാമ്പിക്കൽ ആഷിഖ്, മാങ്കുളം സ്വദേശി ശശി, അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്, കൊരങ്ങട്ടികുടിയില്‍ സാഞ്ചോ എന്നിവരെയാണ് അടിമാലി വനംവകുപ്പധികൃതർ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ച്‌ കയറി കാട്ടുപോത്തിനെ വെടിവെച്ച്‌ കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ് . വെടിവെക്കാന്‍ ഉപയോഗിച്ചത് നാടന്‍ ഇരട്ടകുഴല്‍ തോക്കുകളാണെന്ന് കണ്ടെത്തി. കൂടാതെ വാക്കത്തി ഉള്‍പ്പെടെയുളള മാരകായുധങ്ങളും സംഘത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.